മലപ്പുറം: താനൂരില്‍ ബോട്ടപകടത്തില്‍ മരിച്ചവര്‍ക്ക് സഹായഹസ്തവുമായി 2018 സിനിമയുടെ നിര്‍മാതാക്കള്‍. ജീവന്‍ പൊലിഞ്ഞ 22 പേരുടെ കുടുംബങ്ങള്‍ക്കും ഒരുലക്ഷം രൂപ വീതം നല്‍കുമെന്നാണ് 2018ന്റെ സിനിമാ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക 10 ലക്ഷമാണ്. കൂടാതെ ചികിത്സയിലുള്ളവരുടെ മുഴുവന്‍ ചികിത്സാചെലവും സര്‍ക്കാര്‍ വഹിക്കും.
താനൂരില്‍ പൂരപ്പുഴ അറബിക്കടലിലേക്കുചേരുന്ന ഭാഗത്താണ് മെയ് 7 ഞായറാഴ്ച്ച വൈകിട്ടോടെ കേരളം വിറങ്ങലിച്ച അപകടമുണ്ടായത്. നാല്‍പതോളം ആളുകളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. എട്ടുപേരെ ആദ്യം രക്ഷപ്പെടുത്തിയിരുന്നു. അപകടം ഉണ്ടാക്കിയ അറ്റ്‌ലാന്റിക്ക് ബോട്ടിനെക്കുറിച്ച് നേരത്തെ ആളുകള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട് രൂപ മാറ്റം വരുത്തിയാണ് വിനോദ സഞ്ചാരത്തിന് ഉപയോഗിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്. കെട്ട് അഴി എന്ന ഭാഗത്താണ് അപകടംനടന്നത്. സംഭവത്തില്‍ ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ചിരുന്നു.
ALSO READ: ആമിര്‍ ഖാന്‍ നേപ്പാളില്‍; ധ്യാനത്തിനു പോയതെന്ന് സൂചന
വാക്കുകള്‍ കൊണ്ട് രേഖപ്പെടുത്താനാവാത്ത വന്‍ ദുരന്തമാണ് താനൂരില്‍ ഉണ്ടായതെന്നാണ് സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി പറഞ്ഞത്. 22 പേര്‍ക്ക് ജീവന്‍ വെടിയേണ്ടിവന്നു. ചികിത്സയില്‍ കഴിഞ്ഞ 10 പേരില്‍ രണ്ടുപേര്‍ ആശുപത്രിവിട്ടു. എട്ടുപേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുന്നുണ്ട്. ആശ്വസിപ്പിക്കാന്‍ കഴിയാത്ത വിധത്തിലുള്ള ദുഃഖകരമായ സംഭവമാണ് നടന്നത്. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എന്തുനല്‍കിയാലും അതൊന്നും അവര്‍ക്ക് നേരിടേണ്ടിവന്ന നഷ്ടത്തിന് പരിഹാരമാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
2018ലെ മഹാപ്രളയം ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 2018. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷന്‍സ് എന്നിവരാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍. സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരന്‍ അഖില്‍ പി ധര്‍മ്മജനും ചിത്രത്തിന്റെ എഴുത്തു പങ്കാളിയാണ്.
പ്രമോഷന്‍ അധികം ഇല്ലാതായിരുന്ന സിനിമയായിട്ട് കൂടി തീയേറ്ററുകളില്‍ സിനിമ കാണാനായി വലിയ തിരക്കാണ്. റിലീസ് ചെയ്ത ആദ്യ ദിനത്തില്‍ തന്നെ ചിത്രം കേളത്തില്‍ നിന്നും നേടിയത് ് 1.85 കോടി ആയിരുന്നെങ്കില്‍ രണ്ടാം ദിനമായ ശനിയാഴ്ച നേടിയത് 3.2- 3.5 കോടി ആയിരുന്നു. കേരളത്തില്‍ നിന്നുള്ള ആദ്യ വാരാന്ത്യ കളക്ഷന്‍ 10 കോടിക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള ബോക്സ് ഓഫീസ് പരിഗണിച്ചാല്‍ ആകെയുള്ള ഓപ്പണിംഗ് വീക്കെന്‍ഡ് ഗ്രോസ് 18 കോടിയിലേറെ വരുമെന്നും റിപ്പോര്‍ട്ടുകള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...