മമ്മൂട്ടി ജിയോ ബേബി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം കാതലിന്റെ പുതിയ അപ്ഡേറ്റെത്തി. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂർ 13 മിനിറ്റാണ് ദൈർഘ്യം. അണിയറക്കാർക്ക് നവംബറിൽ ചിത്രം റിലീസിനെത്തിക്കാനുള്ള പദ്ധതിയുണ്ടെന്നും സൂചനയുണ്ട്. അതേസമയം ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ഇക്കാര്യങ്ങളിൽ ഇതുവരെ ഔദ്യോഗിക അറിയിപ്പുണ്ടായിട്ടില്ല.
ജ്യോതികയാണ് കാതലിൽ നായികയായെത്തുന്നത്. ജ്യോതികയുടെ കരിയറിലെ മൂന്നാമത്തെ മലയാള ചിത്രമാണ് കാതൽ. 2009ൽ ഇറങ്ങിയ സീതാ കല്യാണം എന്ന സിനിമയ്ക്ക് ശേഷം തമിഴ് താരം മലയാളത്തിൽ തിരികെയെത്തുന്ന ചിത്രവും കൂടിയാണ് കാതൽ. മാത്യു ദേവസ്യ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി കാതലിൽ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ചലച്ചിത്ര നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പിനിയുടെ മൂന്നാമത്തെ ചിത്രം എന്ന പ്രത്യേകത കൂടി കാതൽ ദി കോറിനുണ്ട്.
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് ജേതവായ ജിയോ ബേബി ഫ്രീഡം ഫൈറ്റ്, ശ്രീ ധന്യ കാറ്ററിങ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി ചിത്രവുമായി എത്തുന്നത്. പതിവ് ജിയോ ബേബി ചിത്രങ്ങളിൽ നിന്നും കൂടിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രവും കൂടിയാണ് കാതൽ.
മമ്മൂട്ടിക്കും ജ്യോതികയ്ക്കും പുറമെ ചിത്രത്തിൽ ലാലു അലക്സ്, മുത്തുമണി, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, അനഘ അക്കു, ആദർശ് സുകുമാരൻ, ജോസി സിജോ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ് ചിത്രത്തിന്റെ രചന. സാലു കെ തോമസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അലീനയുടെ വരികൾക്ക് മാത്യൂസ് പുളിക്കൻ സംഗീതം നൽകും. ഫ്രാൻസിസ് ലൂയിസാണ് എഡിറ്റിങ്.