ക്രിസ്റ്റഫറിന് ശേഷം മമ്മൂട്ടി മറ്റൊരു പോലീസ് വേഷത്തിലെത്തുന്ന 'കണ്ണൂർ സ്‌ക്വാഡ്' എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം കഴിയുമ്പോൾ ഒരു നെഗറ്റീവ് റിവ്യൂ പോലും കേൾക്കാൻ കഴിയാത്ത രീതിയിൽ വീണ്ടും മമ്മൂട്ടി ഹിറ്റ് ഒരുങ്ങുന്നു. മമ്മൂട്ടിയുടെ സിനിമ ജീവിതത്തിൽ തന്നെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന പ്രേക്ഷകരുടെ അഭിപ്രായത്തെ വീണ്ടും വീണ്ടും ഊട്ടിയുറപ്പിക്കുന്നതാണ് 'കണ്ണൂർ സ്‌ക്വാഡ്'.
ഓരോ നിമിഷവും എൻഗേജ് ചെയ്യുന്ന രീതിയിൽ പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്ന ത്രില്ലർ സിനിമകളിലേക്ക് കണ്ണൂർ സ്‌ക്വാഡ് നടന്ന് കയറുകയാണ്. മമ്മൂട്ടി, റോണി, അസീസ് നെടുമങ്ങാട്, ശബരീഷ് എന്നിവരുടെ പ്രകടനം മികച്ച് നിൽക്കുന്നു. എഎസ്‌ഐ ജോർജ് മാർട്ടിൻ എന്ന കഥാപാത്രമായി മമ്മൂട്ടി തകർത്താടുകയായിരുന്നു എന്ന് ചിത്രം കണ്ട ഓരോ പ്രേക്ഷകനും അഭിപ്രായപ്പെടുന്നു. ചിത്രത്തിന്റെ റൺടൈം രണ്ടര മണിക്കൂറിലേറെ ഉണ്ടെങ്കിലും പ്രേക്ഷകനെ യാതൊരു രീതിയിലും ലാഗ് അടിപ്പിക്കാതെ ബോർ അടിപ്പിക്കാതെ സിനിമ മുന്നോട്ട് പോകുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.
സിനിമയുടെ തിരക്കഥയൊരുക്കിയ റോണിയും മുഹമ്മദ് ഷാഫിയും 2018-ൽ കണ്ണൂർ സ്‌ക്വാഡിലെ ഉദ്യോഗസ്ഥരെയാണ് ആദ്യം ബന്ധപ്പെട്ടത്. സംഭവിച്ച ഒരുപാട് യഥാർത്ഥ സംഭവങ്ങളെ ചുറ്റിപ്പറ്റിയുള്ള ചിത്രത്തിനായി അവരുടെ ഇൻപുട്ടുകളാണ് ഉപയോഗിച്ചത് എന്ന് നേരത്തെ പുറത്തുവന്ന അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു.
റോബി വർഗീസ് രാജ് സംവിധാനത്തിൽ ഒരുങ്ങിയ ത്രില്ലിംഗ് ക്രൈം ഡ്രാമയാണ് കണ്ണൂർ സ്ക്വാഡ്. കന്നഡ നടൻ കിഷോർ, വിജയരാഘവൻ, സംഗീതസംവിധായകൻ സുഷിൻ ശ്യാം തുടങ്ങി പ്രഗത്ഭരായ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ഒരുമിക്കുന്ന ചിത്രം ഒരു മികച്ച തിയേറ്റർ എക്സ്പീരിയൻസ് നൽകുന്ന ചിത്രമാണ്.
ചിത്രം പ്രദർശനം തുടങ്ങി മണിക്കൂറുകൾക്കകം ഓൺലൈനിൽ ചോർന്നതായി വാർത്തകൾ വന്നിരുന്നു. എന്നാൽ, അത്തരത്തിൽ ഒന്നും നടന്നിട്ടില്ലെന്നാണ് ചിത്രത്തിൻറെ അണിയറപ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...