Mili Movie: അന്ന ബെന്നിന് പകരം ജാൻവി; 'ഹെലൻ' ഹിന്ദി റീമേക്ക് 'മിലി' എത്തുന്നു; ടീസർ

Mili Movie Teaser: ബോണി കപൂർ നിർമ്മിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത് ജാൻവി കപൂർ ആണ്. 

Written by - Zee Malayalam News Desk | Last Updated : Oct 12, 2022, 03:16 PM IST
  • മിലി എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവംബർ നാലിന് പ്രേക്ഷകർക്ക് മുന്നിലേക്കെത്തും.
  • പ്രമുഖ നിർമ്മാതാന് ബോണി കപൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
  • ബോണി കപൂറിന്‍റെയും ശ്രീദേവിയുടെയും മകളും നടിയുമായ ജാന്‍വി കപൂര്‍ ആണ് മിലി എന്ന ടൈറ്റിൽ റോളിലെത്തുന്നത്.
Mili Movie: അന്ന ബെന്നിന് പകരം ജാൻവി; 'ഹെലൻ' ഹിന്ദി റീമേക്ക് 'മിലി' എത്തുന്നു; ടീസർ

മലയാളത്തിൽ ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ് ഹെലൻ (Helen). അന്ന ബെൻ (Anna Ben) ടൈറ്റിൽ റോളിലെത്തിയ ചിത്രം 2019ലാണ് പുറത്തിറങ്ങിയത്. 2020ൽ ഹെലന്റെ ഹിന്ദി റീമേക്ക് ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് അധികം അപ്ഡേറ്റുകൾ ഒന്നും വന്നിരുന്നില്ല. ഇപ്പോഴിത ചിത്രം റിലീസിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. മിലി എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവംബർ നാലിന് പ്രേക്ഷകർക്ക് മുന്നിലേക്കെത്തും. പ്രമുഖ നിർമ്മാതാന് ബോണി കപൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബോണി കപൂറിന്‍റെയും ശ്രീദേവിയുടെയും മകള്‍ ജാന്‍വി കപൂര്‍ ആണ് മിലി എന്ന ടൈറ്റിൽ റോളിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. 

ജാൻവി കപൂർ തന്നെയാണ് പോസ്റ്ററിലുള്ളത്. മാത്തുക്കുട്ടി സേവ്യർ ആണ് ഹെലൻ സംവിധാനം ചെയ്തത്. ഹിന്ദി റീമേക്കായ മിലിയും മാത്തുക്കുട്ടി തന്നെയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ഷോപ്പിംഗ് മാളിലെ ഭക്ഷണ വിപണന ശാലയിൽ ജീവനക്കാരിയായിട്ടുള്ള പെണ്‍കുട്ടി യാദൃശ്ചികമായി ഷോപ്പിലെ ഫ്രീസറില്‍ പെട്ടുപോകുന്നതായിരുന്നു ഹെലൻ എന്ന ചിത്രത്തിന്റെ കഥ. രണ്ട് ദിവസത്തിനുള്ളിൽ നടക്കുന്ന കഥയാണ് ചിത്രം. ദേശീയ, സംസ്ഥാന പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങളും ഹെലൻ നേടിയിരുന്നു. മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം മാത്തുക്കുട്ടി സേവ്യറിന് ലഭിച്ചിരുന്നു. ഹാബിറ്റ് ഓഫ് ലൈഫിന്‍റെ ബാനറില്‍ വിനീത് ശ്രീനിവാസന്‍ ആയിരുന്നു ചിത്രം നിര്‍മ്മിച്ചത്. ആനന്ദം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ നിർമ്മിച്ച ചിത്രമാണിത്.

 

ജീവിതം കരുപ്പിടിപ്പിക്കാൻ വിദേശത്ത് പോകാൻ തയാറാകുന്ന യുവ നേഴ്സ്മാരുടെ പ്രതിനിധിയാണ് ഹെലൻ. ഹെലന് അച്ഛൻ മാത്രമാണുള്ളത്. അച്ഛനെ സഹായിക്കാൻ വിദേശ ജോലിക്കുള്ള പടിയായ ഐ.ഇ.എൽ.ടി.എസ്. പഠനത്തിനൊപ്പം ഒരു ഫ്രൈഡ് ചിക്കൻ ഷോപ്പിൽ വൈകുന്നേരങ്ങളിൽ പാർട്ട്-ടൈം ജോലി നോക്കുകയാണ് ഹെലൻ എന്ന കഥാപാത്രം. കാനഡയിലേക്ക് പോകാനായുള്ള ഇന്റർവ്യൂ വിജയിച്ച്, വിമാന ടിക്കറ്റ് വരെ ബുക്ക് ചെയ്ത സമയത്താണ് ഒരു രാത്രി തീർത്തും അപ്രതീക്ഷിതമായി ഹെലൻ ഷോപ്പിലെ ഇറച്ചി സൂക്ഷിക്കുന്ന ഫ്രീസറിൽ കുടുങ്ങി പോകുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് കഥാപശ്ചാത്തലം.

Also Read: HBD Soubin Shahir: 'അവൻ ഒരു വജ്രം പോലെയാണ്'; സൗബിന് 'നടികർ തിലകം' ടീമിന്റെ പിറന്നാൾ സമ്മാനം, പോസ്റ്റർ പങ്കുവെച്ച് ടൊവിനോ

 

ലാൽ, അജു വർഗീസ്, ബിനു പപ്പു, അതിഥി വേഷത്തിൽ വരുന്ന നിർമ്മാതാവ് കൂടിയായ വിനീത് ശ്രീനിവാസൻ തുടങ്ങിയ താരനിര ചിത്രത്തിന്റെ വിജയത്തിന് വലിയ പങ്കുവഹിച്ചു. ഷാൻ റഹ്മാൻ ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്. വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫെൻറ്റാസ്റ്റിക് ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ വിതരണത്തിന് എത്തിച്ചത്. ബോക്സ് ഓഫീസിൽ വലിയ വിജയം സ്വന്തമാക്കാൻ ഈ ചിത്രത്തിന് സാധിച്ചു.

ഫ്രീസർ മുറിയിൽ കുടുങ്ങി പോയ നായകന്റെ കഥ പറയുന്ന 'ഫ്രീസർ' എന്ന വിദേശ ക്രൈം ത്രില്ലർ ചിത്രം മുൻപ് പുറത്തിറങ്ങിയിട്ടുണ്ട്. 

2018ല്‍ പുറത്തിറങ്ങിയ ധഡക് എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി കപൂര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ഒരു ചിത്രത്തിലൂടെയാവും ജാന്‍വിയുടെ അരങ്ങേറ്റമെന്ന് ബോളിവുഡ് വൃത്തങ്ങളില്‍ സംസാരമുണ്ടായിരുന്നു. എന്നാൽ ധഡകിന്‍റെ നിര്‍മ്മാണം കരണ്‍ ജോഹര്‍ ആയിരുന്നു. അതേസമയം സീ സ്റ്റുഡിയോസും മിലിയുടെ സഹനിര്‍മ്മാതാക്കള്‍ ആണ്. എ ആര്‍ റഹ്‍മാന്‍ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ജാവേദ് അഖ്തറുടേതാണ് വരികള്‍. ചിത്രത്തിന്‍റെ സ്ട്രീമിംഗ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News