ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച സംവിധായകൻ എന്ന് വിശേഷിപ്പിക്കാവുന്ന ലിജോ ജോസ് പെല്ലിശ്ശേരിയും അഭിനയ തികവിന്റെ അവസാന വാക്കായ മമ്മൂട്ടിയും ഒരുമിക്കുന്ന ഒരു സിനിമ എന്നത് പ്രേക്ഷകരെ സംബന്ധിച്ച് അത്രയേറെ കൊതിപ്പിക്കുന്ന ഒന്നാണ്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ആ സിനിമ പ്രീമിയർ ചെയ്യുന്നു എന്നത് ഈ ഫെസ്റ്റിവലിലേക്ക് കൂടുതൽ ആളുകളെ എത്തിക്കുന്നതിന് കാരണമായിട്ടുണ്ട് എന്ന് പറഞ്ഞാൽ അത് ആലങ്കാരികമായിപ്പോവില്ല.
തന്റെ സിനിമകളിൽ ഒന്നിൽപോലും ആവർത്തനങ്ങളുടെ വിരസതകൾ മെയ്ക്കിങ് രീതിയിലായാലും പ്രമേയത്തിലായാലും ഉണ്ടാകില്ലെന്ന് ഉറപ്പിക്കുന്ന ആളാണ് ലിജോ ജോസ് പെല്ലിശ്ശേരി. അതുകൊണ്ടുതന്നെ, ഇതുവരെ കാണാത്ത ഒരു ലിജോ ജോസ് സിനിമ- 'നൻപകൽ നേരത്ത് മയക്കം' പ്രേക്ഷകർക്ക് മുന്നിൽ വയ്ക്കുന്നു. അതിനൊപ്പം, മമ്മൂട്ടി എന്ന അഭിനയ പ്രതിഭയുടെ കൈയ്യടക്കമുള്ള അഭിനയവും തേനി ഈശ്വറിന്റെ ഛായാഗ്രഹണവും ദീപു എസ് ജോസഫിന്റെ എഡിറ്റിങ്ങും അതിമനോഹരമായ ശബ്ദവിന്യാസവും കൂടി ചേർന്ന് അപൂർവ്വമായ ഒരു അനുഭവം സമ്മാനിക്കുകയാണ് നൻപകൽ നേരത്ത് മയക്കം. മമ്മൂട്ടി മാത്രമല്ല, പേരറിയുന്നവരും അറിയാത്തവരും ആയ മലയാളികളും തമിഴരും ആയ ഒട്ടനവധി അഭിനേതാക്കളും സാധാരണക്കാരും ക്യാമറയ്ക്ക് മുന്നിൽ അസാമാന്യമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്, ആ നായക്കുട്ടി ഉൾപ്പെടെ!
Also Read: 99 Moons Review: പ്രണയവും ലൈംഗികതയും തമ്മിലെ വടംവലി; 99 മൂൺസ് റിവ്യൂ
വേളാങ്കണ്ണിയിൽ ഒരു നേർച്ചയ്ക്കായി എത്തുന്ന ജെയിംസും ഭാര്യ സാലിയും മകനും ബന്ധുക്കളും നാട്ടുകാരും ഒരു മിനി ബസ്സിൽ മടങ്ങുകയാണ്. ആ യാത്രയിൽ ഉച്ചഭക്ഷണത്തിന് ശേഷം ആണ് 'നൻപകൽ നേരത്ത്' ജെയിംസിന്റെ 'മയക്കം' തുടങ്ങുന്നത്. പിന്നീട് അടുത്ത ദിവസം ഉച്ചഭക്ഷണത്തിന് ശേഷം 'നൻപകൽ നേരത്ത്' മയക്കം അവസാനിക്കുകയും ചെയ്യുന്നു. അതോടെ ജെയിംസ് പഴയ ജെയിംസ് ആവുകയും ആ സംഘം മൂവാറ്റുപുഴയിലേക്കുള്ള അവരുടെ മടക്കയാത്ര തുടരുകയും ചെയ്യുന്നു. Like an Afternoon Dream - എന്നാണ് ചിത്രത്തിന്റെ ഇംഗ്ലീഷ് ടൈറ്റിൽ. മിസ്റ്റിക് എന്നോ സറിയൽ എന്നോ ഒറ്റവാക്കിൽ പറഞ്ഞവസാനിപ്പിക്കാൻ ആകാത്ത ഒരു സിനിമ.
ഏറ്റവും ഒടുവിൽ ലിജോ ജോസ് ചെയ്ത സിനിമകളുമായി ഒരു താരതമ്യത്തിനും ഇടം നൽകുന്നില്ല 'നൻപകൽ നേരത്ത് മയക്കം'. അങ്കമാലി ഡയറീസ് മുതൽ, ജെല്ലിക്കെട്ടും, ഇ മ യൗവും, ചുരുളിയും വരെയുള്ള ലിജോ മാജിക്കുകൾ ചടുലമായ ഫ്രെയ്മുകളുടേയും വയലൻസിന്റേയും ഒക്കെ വേഗക്കാഴ്ചകളായിരുന്നു എങ്കിൽ, നൻപകൽ നേരത്ത് മയക്കം പതിയെ പതിയെ നിങ്ങളിലേക്ക് ഇറങ്ങി ഒടുവിൽ നീരാളിപ്പിടിത്തത്തിലൂടെ മുറുക്കുന്ന വ്യതിരിക്തമായ ഒരു അനുഭമാണ്. കഥയെ പറ്റി പറയുന്ന ഒരോ വാക്കും, ആദ്യകാഴ്ചയുടെ അനുഭൂതിയെ കുറച്ചേക്കുമെന്ന ആശങ്കകൊണ്ടുമാത്രം അതിലേക്ക് കടക്കുന്നില്ല.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും മികച്ച സിനിമയോ മമ്മൂട്ടിയുടെ ജീവിത്തത്തിലെ ഏറ്റവും നല്ല അഭിയ പ്രകടനമോ ഒന്നും ആകണമെന്നില്ല ഈ സിനിമ. പക്ഷേ, ലോക സിനിമയിൽ തന്നെ മലയാള സിനിമയെ അടയാളപ്പെടുത്തുന്ന ഒന്നായിരിക്കും ഇത് എന്നതിൽ സംശയമേതുമില്ല. ആസ്വാദകർ ഇതിനോടകം തന്നെ ഇരുകൈയ്യും നീട്ടി സിനിമയെ സ്വീകരിക്കുകയും ചെയ്തു.
ആദ്യ പ്രദർശനം ഐഎഫ്എഫ്‌കെയുടെ ചരിത്രത്തിൽ തന്നെ പ്രേക്ഷക ബാഹുല്യം കൊണ്ട് രേഖപ്പെടുത്തപ്പെടും. അതിനിടെയുണ്ടായ തിക്കും തിരക്കും, ബഹളവും ചെറിയ സംഘർഷവും എല്ലാം ചരിത്രം പൊറുത്തുകൊടുക്കും. രണ്ടാമത്തെ പ്രദർശനവും ആദ്യത്തേതുപോലെ തന്നെ ആയിരുന്നു. വളഞ്ഞുപുളഞ്ഞും, നീണ്ടുനിവർന്നും റിസർവേഷൻ വരികളും റഷ് ലൈൻ വരികളും നീണ്ടു. മണിക്കൂറുകൾ നീണ്ട കാത്തുനിൽപും മൂന്ന് ഘട്ട വെരിഫിക്കേഷനുകൾക്കുമൊടുവിൽ ഏരീസ് പ്ലക്‌സിലെ ഒന്നാം സ്‌ക്രീനിലേക്ക് റാമ്പ് കയറി ക്ഷീണിച്ചവർ തീയേറ്ററിനുള്ളിലെ ശീതളിമയിൽ ഒന്ന് മയങ്ങാൻ കൊതിച്ചെങ്കിൽ അവരെ തെറ്റുപറയാൻ ആവില്ല. എന്നാൽ ഒന്ന് കണ്ണടയ്ക്കാൻ പോലും അവസരം നൽകാതെ ലിജോയും മമ്മൂട്ടിയും സംഘവും ചേർന്ന് കാഴ്ചക്കാരെ അപൂർവ്വമായ ഒരു സിനിമാനുഭൂതിയിലേക്ക് എത്തിക്കുകയായിരുന്നു.
കഥ നടക്കുന്നത് തമിഴ്‌നാട്ടിലായതിനാൽ സംഭാഷണങ്ങൾ ഏറെയും തമിഴിൽ തന്നെയാണ്. പ്രശസ്ത എഴുത്തുകാരൻ എസ് ഹരീഷ് ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഒട്ടുമിക്ക സീനുകളിലും പശ്ചാത്തലത്തിൽ പഴയ തമിഴ് സിനിമാ ഗാനങ്ങളും സിനിമാ ഡയലോഗുകളും കടന്നുവരുന്നുണ്ട്. ഈ ഗാനങ്ങൾക്കെല്ലാം തുടക്കത്തിലേ ക്രെഡിറ്റ് നൽകുന്നുണ്ട് ലിജോയും സംഘവും എന്നത് 'നൻപകൽ നേരത്ത് മയക്ക'ത്തെ ഒന്നുകൂടി മനസ്സിലേക്ക് ചേർത്തുവയ്ക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...