ചെന്നൈ: നീണ്ട ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ വിഘ്നേഷ് ശിവനും നയൻതാരയും വിവാഹിതരായി. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചാണ് വിവാഹം നടന്നത്. രജനികാന്ത്, ഷാരൂഖ് ഖാൻ ഉൾപ്പെടെ നിരവധി താരങ്ങൾ വിവാഹ ചടങ്ങിൽ പങ്കെടുത്തു. താരങ്ങളെ കൂടാതെ ഇരുവരുടെയും സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത് നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു.
കാർത്തി, വിജയ് സേതുപതി, എസ് ജെ സൂര്യ, ആർ ശരത് കുമാർ, രാധിക ശരത് കുമാർ, ദിവ്യ ദർശിനി, വസന്ത് രവി, സംവിധായകൻ ആറ്റ്ലി, നിർമാതാവ് ബോണി തുടങ്ങിയവരും വിവാഹത്തിന് എത്തിയിരുന്നു. വിവാഹ ചടങ്ങുകളുടെ വീഡിയോ പകര്‍പ്പവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കനത്ത സുരക്ഷയിലാണ് വിവാഹവേദിയും പരിസരവും. ജൂൺ 10 ന് നയൻതാരയും വിഘ്നേഷ് ശിവനും ചെന്നൈയിൽ റിസപ്ഷൻ സംഘടിപ്പിക്കുമെന്നും സിനിമയിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുക്കുമെന്നും റിപ്പോർട്ടുണ്ട്.
വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് തന്റെ സന്തോഷം പങ്കുവച്ച് കൊണ്ട് വിഘ്നേഷ് ശിവൻ സമൂഹ മാധ്യമത്തിൽ ഒരു പോസ്റ്റിട്ടിരുന്നു. വിവാഹത്തിന് വധുവിന്റെ വേഷത്തിൽ ഒരുങ്ങി എത്തുന്ന നയൻതാരയെ കാണാനുള്ള ആവേശത്തെ കുറിച്ചാണ് കുറിപ്പിലൂടെ വിഘ്നേശ് ശിവന് പറഞ്ഞത്. ഒപ്പം ഔദ്യോഗികമായി വിവാഹിതരാവുകയാണെന്ന കാര്യവും അറിയിച്ചിരുന്നു. ഈ പോസ്റ്റിനൊപ്പം നയന്‍താരയുടെ നിരവധി ഫോട്ടോസും താരം പങ്കുവെച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...