പൂനെ : ലോകകപ്പിൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് നെതർലാൻഡ്സിനെ നേരിടും.ടോസ് നേടിയ ഇംഗ്ലണ്ട് നെഡതർലാൻഡ്സിനെതിരെ ബാറ്റിങ് തിരഞ്ഞെടുത്തു. 2025 ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടാൻ ഇംഗ്ലണ്ടിന് അടുത്ത രണ്ട് മത്സരങ്ങളിൽ ജയം അനിവാര്യമാണ്. നിലവിൽ ഇംഗ്ലണ്ട് ടൂർണമെന്റിൽ രണ്ട് പോയിന്റുമായി ലോകകപ്പ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. നെതർലാൻഡ്സ് രണ്ട് ജയവുമായി പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.
ടൂർണമെന്റിൽ ആകെ തകർന്നടിയുകയായിരുന്നു ഇംഗ്ലണ്ട്. ബംഗ്ലാദേശിനെ തോൽപ്പിച്ചതല്ലാതെ ഒരു മികച്ച പ്രകടനം ഇംഗ്ലീഷ് താരങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. ലോകകപ്പിൽ നിന്നും പുറത്തായെങ്കിലും ഇനി ചാമ്പ്യൻസ് ട്രോഫി യോഗ്യതയാണ് ഇംഗ്ലണ്ട് ഇനി ലക്ഷ്യവെക്കുന്നത്. എന്നാൽ പാകിസ്താനിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ യോഗ്യത നേടാൻ ഇംഗ്ലണ്ടിന് ഇനിയുള്ള രണ്ട് മത്സരങ്ങൾ ജയിച്ചാൽ സാധിക്കൂ. ഇന്നത്തെ മത്സരത്തിന് പുറമെ ടൂർണമെന്റിൽ പാകിസ്താനെതിരെ ഒരു മത്സരം കൂടിയുണ്ട് ഇംഗ്ലണ്ട്.
ടൂർണമെന്റിലെ അട്ടിമറി വീര്യന്മാരായ നെതർലാൻഡ്സും ചാമ്പ്യൻസ് ട്രോഫി യോഗ്യത ലക്ഷ്യവെക്കുന്നുണ്ട്. നാല് പോയിന്റുള്ള ഡച്ച് ടീം നിലവിൽ ഒമ്പതാം സ്ഥാനത്താണെങ്കിലും ഇനിയുള്ള മത്സരങ്ങളിൽ ജയിച്ചാൽ 2025ലെ ടൂർണമെന്റിലേക്ക് യോഗ്യത നേടാൻ സാധിക്കും. എന്നാൽ അടുത്ത മത്സരം ഇന്ത്യക്കെതിരെയാണ്. എട്ട് ടീമുകൾക്കാണ് ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടാനാകുക. ടൂർണമെന്റ് സംഘടിപ്പിക്കുന്ന പാകിസ്താനും ലോകകപ്പ് പോയിന്റ് പട്ടികയിലെ ആദ്യ ഏഴ് സ്ഥാനക്കാർക്കുമാണ് ചാമ്പ്യൻസ് ട്രോഫിയിലേക്ക് യോഗ്യത നേടാനാകുക. പാകിസ്താനെ പുറമെ നിലവിൽ ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളാണ് യോഗ്യത നേടിട്ടുള്ളത്. ഇനി രണ്ട് സ്ലോട്ടുകൾ ബാക്കിയുണ്ട്.
ഇംഗ്ലണ്ടിന്റെ പ്ലേയിങ് ഇലവൻ - ജോണി ബെയർസ്റ്റോ, ജോ റൂട്ട്, ഡേവിഡ് മലാൻ, ബെൻ സ്റ്റോക്സ്, ഹാരി ബ്രൂക്ക്, ജോസ് ബട്ലർ, മോയിൻ അലി, ക്രിസ് വോക്സ്, ഡേവിഡ് വില്ലി, ഗസ് അറ്റ്കിൻസൺ, ആദിൽ റഷീദ്
നെതർലാൻഡ്സിന്റെ പ്ലേയിങ് ഇലവൻ - വെസ്ലെ ബാറേസി, മാക്സ് ഒ'ഡോവ്ഡ്, കോളിൻ അക്കെർമാൻ, സൈബ്രാൻഡ് എങ്കെബ്രച്ച്ട്ട്, സ്കോട്ട് എഡ്വേർഡ്സ്, ബസ് ഡി ലീഡ്, തേജ നിഡമൻറ്രു, ലോഗൻ വൻ ബീക്, റോൾഫ് വാൻ ഡെർ മേർവ്, ആര്യ ദത്ത്, പോൾ വാൻ മീക്കെരൻ
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.