സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയോടേറ്റ നാണംകെട്ട തോൽവിയ്ക്ക് കാരണം വിസ ലഭിക്കാൻ വൈകിയതാണെന്ന് പാകിസ്താൻ കോച്ച് ടോർബെൻ വിറ്റാജേവ്‌സ്‌കി. ബെംഗളൂരുവിൽ വൈകിയെത്തിയതാണ് പാകിസ്താന് മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്നതിൻ്റെ കാരണം. വിസ, ഇമിഗ്രേഷൻ പ്രശ്നങ്ങളാണ് തിരിച്ചടിയായത്. കർശനമായ ഷെഡ്യൂളിംഗും വിസയും ഇമിഗ്രേഷൻ പ്രശ്‌നങ്ങളും ഉള്ളതിനാൽ കളിക്കാർക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇന്ത്യൻ വിസ ലഭിച്ച പാക് ടീം ബുധനാഴ്ച പുലർച്ചെ 1 മണിയോടെ മ്യൂറീഷ്യസ് വഴി മുംബൈയിലെത്തിയിരുന്നു. 32 അംഗ സംഘത്തിന് പിന്നീട് മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് വിമാനം ലഭിക്കാത്തതിനാൽ രണ്ട് ബാച്ചുകളായി യാത്ര ചെയ്യേണ്ടി വന്നു. ഒരു ബാച്ച് പുലർച്ചെ നാലിന് ബെംഗളൂരുവിലേക്കുള്ള വിമാനത്തിൽ കയറിയപ്പോൾ മറ്റൊരു ബാച്ച് രാവിലെ 9.15 ഓടെയാണ് വിമാനം കയറിയത്. മുഴുവൻ പാക് ടീം അംഗങ്ങളും ഉച്ചയ്ക്ക് 1 മണിയോടെയാണ് ബെംഗളൂരുവിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് മത്സരം തുടങ്ങേണ്ടിയിരുന്നത്.
"ഞങ്ങൾക്ക് വളരെ വൈകിയാണ് വിസ ലഭിച്ചത്, ഇമിഗ്രേഷനുമായി ബന്ധപ്പെട്ട് മുംബൈ എയർപോർട്ടിൽ ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായി. അതിനാൽ ടീമിന് ഇത് ബുദ്ധിമുട്ടായിരുന്നു. അവസാന സംഘം ബുധനാഴ്ച ഒന്നരയോടെയാണ് ഹോട്ടലിൽ എത്തിയത്. അതിനാൽ ഇത് എളുപ്പമല്ല. വളരെ ബുദ്ധിമുട്ടായിരുന്നു. പക്ഷേ നിങ്ങൾ സാഹചര്യത്തെ നേരിട്ടേ മതിയാകൂ. അത് മാറ്റാൻ കഴിയില്ലല്ലോ. ഞങ്ങൾക്ക് മൗറീഷ്യസിലും സമാനമായ അനുഭവമാണ് ഉണ്ടായത്. കൂടുതൽ സമയം പരിശീലനത്തിന് ലഭിച്ചിരുന്നെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമായിരിക്കും”. ടോർബെൻ വിറ്റാജേവ്‌സ്‌കി പറഞ്ഞു.
ബുധനാഴ്ച നടന്ന മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. പതിവ് പോലെ നായകൻ സുനിൽ ഛേത്രി തന്റെ പ്രകടനം അതിഗംഭീരമാക്കി. ഹാട്രിക് നേടിയാണ് ഛേത്രി തന്റെ ടീമിന്റെ വിജയം ഉറപ്പിച്ചത്. ഉദാന്ത സിംഗ് അവസാന ഗോളും നേടി ലീഡ് 4 ആക്കി ഉയർത്തുകയായിരുന്നു. മത്സരത്തിൻ്റെ ആദ്യ പകുതിയിൽ ഇരട്ട ഗോളുകൾ നേടിയ ഛേത്രി രണ്ടാം പകുതിയിൽ ഒരു ഗോൾ നേടി. പാക് ഗോൾ കീപ്പർ സാഖിബ് ഹനീഫിൻ്റെ പിഴവാണ് ഇന്ത്യയുടെ ആദ്യ ഗോളിന് വഴിയൊരുക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...