കാബൂള്‍: അഫ്ഗാനിസ്ഥാനിൽ നിന്ന് വീണ്ടും ഒഴിപ്പിക്കൽ നടപടികളുമായി ഇന്ത്യ (India) . അഫ്ഗാനിൽ (Afghan) കുടുങ്ങിയ 85 ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം പുറപ്പെട്ടു. വ്യോമസേനയുടെ സി-130ജെ വിമാനമാണ് യാത്രക്കാരുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടത്. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഇന്ത്യൻ പൗരന്മാരുമായി വിമാനം പുറപ്പെട്ടത്. താജിക്കിസ്ഥാനിൽ ഇറങ്ങി ഇന്ധനം നിറച്ച ശേഷമാണ് വിമാനം പുറപ്പെട്ടത്.
ഡൽഹിയിലെ ഹിൻഡൻ വിമാനത്താവളത്തിലേക്കായിരിക്കും ഈ വിമാനം എത്തുക എന്നാണ് കരുതപ്പെടുന്നത്. ഇക്കാര്യത്തിൽ അന്തിമ സ്ഥിരീകരണമായിട്ടില്ല. അതേസമയം വിമാനത്താവളത്തിന് പുറത്ത് 280ഓളം ഇന്ത്യക്കാര്‍ വാഹനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഇവര്‍ വിമാനത്താവളത്തിന് പുറത്ത് കുടുങ്ങിക്കിടക്കുകയാണ്. മലയാളികളുള്‍പ്പടെയുള്ളവര്‍ സംഘത്തിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
വിമാനത്താവളത്തിന് അകത്തേക്ക് ആളുകളെ കടത്തിവിടാത്തതിനാൽ ഒഴിപ്പിക്കലിൽ അനിശ്ചിതാവസ്ഥ നിലനിന്നിരുന്നു. ഇതിലുൾപ്പെട്ട 85 പേരെയുമായാണോ വിമാനം പുറപ്പെട്ടിരിക്കുന്നത് എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.
കാബൂളിലെ വിവിധ ഹോട്ടലുകളിൽ താമസിക്കുകയായിരുന്നു ഇന്ത്യൻ പൗരന്മാർ. ഇവരെ ഇന്നലെ രാത്രിയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നാല് ബസ്സുകളിലും കാറുകളിലുമായി വിമാനത്താവളത്തിനടുത്ത് എത്തിച്ചത്. അമേരിക്കൻ സൈന്യത്തിനാണ് നിലവില്‍ വിമാനത്താവളത്തിന്റെ പൂര്‍ണ ചുമതല. കാബൂൾ വിമാനത്താവളത്തിന്‍റെ സുരക്ഷയ്ക്കായി 6000 സൈനികരെയാണ് യുഎസ് വിന്യസിച്ചിരിക്കുന്നത്. ഇന്ത്യക്കാരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള അനുമതി അമേരിക്ക നിഷേധിച്ചിരിക്കുകയാണ്.
അഫ്ഗാനിൽ കുടുങ്ങി കിടക്കുന്ന പൗരന്മാരെ രക്ഷിക്കാൻ ഇന്ത്യ അമേരിക്കയുടെ സഹായം തേടിയിരിക്കുകയാണ്.
വിമാനത്താവളത്തിന്‍റെ അകത്തെ സ്ഥിതിഗതികൾ ഇപ്പോഴും നിയന്ത്രിക്കുന്നത് അമേരിക്കയാണ്. അമേരിക്കൻ സൈന്യവുമായി തുടർച്ചയായി ആശയവിനിമയം നടത്തുന്നുണ്ടെന്നും, ഇതിനനുസരിച്ചാണ് വ്യോമസേനയുടെ വിമാനങ്ങളുടെ കാബൂളിലേക്കുള്ള സർവീസ് നിയന്ത്രിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു.
അതേസമയം, അഫ്ഗാനിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിനുള്ള ദൗത്യത്തിന്‍റെ അന്തിമഫലം എന്തെന്ന് പറയാനാകില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണ് നിലവിൽ നടക്കുന്നത്. 18,000 പേരെയാണ് അഫ്ഗാനിൽ നിന്ന് ഇതുവരെ രക്ഷിച്ചതെന്നും ബൈഡൻ വ്യക്തമാക്കി. അഫ്ഗാനിലെ നിലവിലെ പ്രതിസന്ധിക്ക് ഇടയാക്കിയ സേനാ പിന്മാറ്റത്തിന് രൂക്ഷവിമർശനം ഏറ്റുവാങ്ങുന്നതിനിടെയാണ് ബൈഡന്‍റെ പുതിയ പരാമർശം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...