ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിലേക്ക് ദുരിതാശ്വാസത്തിനായി വിദേശ സഹായം സ്വീകരിക്കണമെന്ന നിലപാടില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സർക്കാരിനോട് നിര്‍ദ്ദേശിക്കാനാവില്ലെന്ന് സുപ്രീം കോടതി.
ഇത്തരം ബാലിശമായ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഹര്‍ജികള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പ്രളയത്താല്‍ തകര്‍ന്ന കേരളത്തിന് വിദേശ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനായി അടിയന്തര നടപടികള്‍ കേന്ദ്രം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.
കേരളത്തിന് കൈത്താങ്ങായി യുഎഇ ഉള്‍പ്പടെ ഒട്ടേറെ വിദേശരാജ്യങ്ങൾ സഹായവുമായി എത്തിയിരുന്നു. എന്നാല്‍ ഏതെങ്കിലും വിദേശരാജ്യങ്ങളില്‍ നിന്നുള്ള സഹായം സ്വീകരിക്കേണ്ട നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.
നിലപാടില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം നൽകണമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ സി. ആർ ജയസൂക്കാണ് ഹർജി സമര്‍പ്പിച്ചത്.
ഇതേ ആവശ്യമുന്നയിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം എംപിയും സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.