കല്‍പ്പറ്റ: മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ഇന്ന് കോണ്‍ഗ്രസ് സംസ്ഥാനമൊട്ടാകെ ഭരണഘടന സംരക്ഷണ റാലികള്‍ സംഘടിപ്പിച്ചിരിയ്ക്കുകയാണ്.
ഇതിന്‍റെ ഭാഗമായി വയനാട് മണ്ഡലത്തില്‍ നടന്ന ലോംഗ് മാര്‍ച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി നയിച്ചു. റാലിയില്‍ പാര്‍ട്ടി പതാകയ്ക്ക് പകരം ദേശീയ പതാക കൈയിലേന്തിയാണ് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തത്.
ലോംഗ് മാര്‍ച്ചിന് ശേഷ൦ നടന്ന പൊതുസമ്മേളനത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി നടത്തിയത്.
മഹാത്മാഗാന്ധിയുടെ ഘാതകനായ ഗോഡ്സേയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒരേ ആശയത്തിന്‍റെ വക്താക്കളാണെന്നും എന്നാല്‍ മോദി അത് തുറന്നുപറയുനില്ലെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. ഇന്ത്യക്കാരോട് പൗരത്വം തെളിയിക്കാന്‍ പറയാന്‍ ആരാണ് മോദിക്ക് ലൈസന്‍സ് കൊടുത്തത്. അദാനിക്ക് ഇന്ത്യയെ വിറ്റു തുലയ്ക്കുകയാണ് മോദിയെന്നും രാഹുല്‍ പറഞ്ഞു.
എന്ത് പറഞ്ഞാലും "പാക്കിസ്ഥാൻ, പാക്കിസ്ഥാൻ" എന്ന് ആക്രോശിച്ചാൽ ഇന്ത്യയിലെ യുവാക്കൾക്ക് ജോലി കിട്ടില്ല. NRCയും CAAയും രാജ്യത്ത് തൊഴിൽ കൊണ്ടുവരില്ല. ഇന്ത്യയെ നശിപ്പിക്കുക, ഇന്ത്യയെ വില്‍ക്കുക, ഇന്ത്യയെ വിഭജിക്കുക ഇതാണ് മോദിയുടെ ലക്ഷ്യമെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
രാവിലെ പത്ത് മണിയോടെയാണ് കല്‍പറ്റ എസ്കെഎംജെ സ്കൂളില്‍ ന്ന് രാഹുല്‍ ഗാന്ധി നയിക്കുന്ന ലോംഗ് മാര്‍ച്ച് ആരംഭിച്ചത്. രണ്ട് കിലോമീറ്റര്‍ ദൂരം നഗരത്തിലൂടെ കടന്നു പോയ മാര്‍ച്ച് ഒടുവില്‍ കല്‍പറ്റ പുതിയ സ്റ്റാന്‍ഡില്ലാണ് അവസാനിച്ചത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് പാണക്കാട് ഉമറല്ലി ശിഹാബ് തങ്ങള്‍, വയനാട് ഡിസിസി പ്രസിഡന്‍റ ഐസി ബാലകൃഷ്ണന്‍, എപി അനില്‍ കുമാര്‍ എംഎല്‍എ, പിസി വിഷ്ണുനാഥ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ റാലിയില്‍ പങ്കെടുത്തു.
ഏകദേശം അരലക്ഷത്തോളം പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തതായാണ് യുഡിഎഫ് ജില്ലാ നേതൃത്വം പറയുന്നത്.