New Delhi: ചരിത്ര നേട്ടവുമായി കേരളം. ഭക്ഷ്യസുരക്ഷയിലും കേരളം ഒന്നാമതെത്തി.
ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിൽ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയാണ് അഞ്ചാമത് സംസ്ഥാന ഭക്ഷ്യ സുരക്ഷാ സൂചിക പുറത്തിറക്കിയത്. ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറാക്കിയ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ എല്ലാ സംസ്ഥാനങ്ങളേയും പിന്തള്ളി കേരളം ഒന്നാമതെത്തി.
ചരിത്രത്തില്‍ ആദ്യമായാണ് ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിക്കുന്നത്. ട്രോഫിയും പ്രശസ്തി ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മണ്‍സുഖ് മാണ്ഡവ്യയില്‍ നിന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി.ആര്‍. വിനോദ് പുരസ്കാരം ഏറ്റുവാങ്ങി.
ഭക്ഷ്യ സുരക്ഷയില്‍ കൃത്യമായും ചിട്ടയായും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം എന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിലെ എല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.
അതേസമയം, ഡല്‍ഹിയില്‍ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) 2023 ജൂൺ 7ന് (ബുധൻ) വിജ്ഞാൻ ഭവനിൽ ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് ഒരു ഇന്ററാക്ടീവ് സെഷൻ സംഘടിപ്പിച്ചുകൊണ്ട് ഭക്ഷ്യസുരക്ഷയ്ക്കും നവീകരണത്തിനുമുള്ള തങ്ങളുടെ സമർപ്പണം വീണ്ടും ഉറപ്പിച്ചു. ചടങ്ങിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയും പങ്കെടുത്തിരുന്നു. ചടങ്ങിൽ ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി പ്രൊഫ.എസ്.പി സിംഗ് ബാഗേലും പങ്കെടുത്തു.
ഈ ചടങ്ങിൽ, ഭക്ഷ്യ സുരക്ഷയുടെ ആറ് വ്യത്യസ്ത വശങ്ങളിൽ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രകടനം വിലയിരുത്തുന്ന അഞ്ചാമത് സംസ്ഥാന ഭക്ഷ്യ സുരക്ഷാ സൂചിക (SFSI) ഡോ. മൻസുഖ് മാണ്ഡവ്യ അനാച്ഛാദനം ചെയ്തു. 2018-19-ൽ സമാരംഭിച്ച ഈ സൂചിക (SFSI) ആരോഗ്യകരമായ മത്സരം വളർത്താനും രാജ്യത്തുടനീളമുള്ള ഭക്ഷ്യസുരക്ഷാ വ്യവസ്ഥയിൽ നല്ല മാറ്റം ഉത്തേജിപ്പിക്കാനും ലക്ഷ്യമിടുന്നു, ആത്യന്തികമായി എല്ലാവര്ക്കും സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കുന്നു.
വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും നേട്ടങ്ങൾ വിലയിരുത്തി 2022-23 വർഷത്തെ റാങ്കിംഗിന്‍റെ അടിസ്ഥാനത്തിൽ ഡോ. മൻസുഖ് മാണ്ഡവ്യ വിജയികളെ ആദരിച്ചു. വലിയ സംസ്ഥാനങ്ങളിൽ കേരളം ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ പഞ്ചാബും തമിഴ്‌നാടും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ചെറിയ സംസ്ഥാനങ്ങളിൽ ഗോവ, മണിപ്പൂർ, സിക്കിം എന്നിവ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി. ജമ്മു കശ്മീർ, ഡൽഹി, ചണ്ഡീഗഢ് എന്നിവ കേന്ദ്രഭരണ പ്രദേശങ്ങൾക്കിടയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
സംസ്ഥാന ഭക്ഷ്യസുരക്ഷാ സൂചിക സ്‌കോറുകളിൽ കാര്യമായ പുരോഗതി പ്രകടമാക്കിയ എല്ലാ സംസ്ഥാനങ്ങളെയും ഡോ. മൻസുഖ് മാണ്ഡവ്യ അഭിനന്ദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...