ന്നാ താൻ കേസ് കൊട് എന്ന ചിത്രവും കുഞ്ചാക്കോ ബോബന്റെ രാജീവൻ എന്ന കഥാപാത്രവും കേരളക്കരയാകെ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഒടിടിയിലും സ്ട്രീമിങ് തുടങ്ങിയതോടെ പ്രേക്ഷകർ ഈ ചിത്രം വീണ്ടും വീണ്ടും കാണുകയാണ്. കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ വളരെ തമാശ രൂപേണ അവതരിപ്പിച്ച ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ കുഞ്ചാക്കോ ബോബൻ തന്റെ സിനിമ വിശേഷങ്ങളും മറ്റ് വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ ചാക്കോച്ചൻ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
ചാക്കോച്ചന്റെ തന്നെ സിനിമയായ ഓർഡിനറിയിലെ കഥാപാത്രവുമായി കണക്ട് ചെയ്ത് കൊണ്ടാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കെനിയയിലെ മാസൈ മാര എന്ന സ്ഥലത്തുനിന്നുള്ള വീഡിയോ ആണിത്. അടുത്തിടെ ചാക്കോച്ചനും കുടുംബവും ഒഴിവ് ദിനങ്ങൾ ചെലവഴിച്ചത് ഇവിടെയായിരുന്നു. കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത്. ഒരു ഫ്ലൈറ്റില്‍ നിന്നുകൊണ്ട് വൈറ്റില വൈറ്റില എന്ന് കുഞ്ചാക്കോ ബോബൻ വിളിച്ചുപറയുന്നത് വീഡിയോയിൽ കേള്‍ക്കാം. 'ഇരവി'ക്ക് ബസ് കണ്ടക്ടറില്‍ നിന്ന് ഫ്ലൈറ്റ് കണ്ടക്ടറായി പ്രമോഷൻ കിട്ടിയപ്പോള്‍ എന്നാണ് ചാക്കോച്ചൻ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. മാസൈ മാര ടു വൈറ്റില റൂട്ട് എന്നും എഴുതിയിട്ടുണ്ട്.
നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. ന്നാ താൻ കേസ് കൊട് എന്ന ചിത്രവുമായി ബന്ധപ്പെടുത്തി ഒരാൾ കമന്റ് ചെയ്തത് ഇങ്ങനെയാണ് - ചീമേനി പോകുമോ രാജീവാ ഈ ശകടം? കുഴിയാ കുഴി! മാനത്തും കാണും കുഴി. സ്‌പ്ലെണ്ടർ മുതൽ ഫ്‌ളൈറ്റ് വരെ, Indigo ആണോ എന്നാൽ നമ്മൾ ഇല്ല ചിറ്റപ്പൻ, ചേട്ടാ 4 ബൈപാസ് ജംഗ്ഷൻ തുടങ്ങി നിരവധി രസകരമായ കമന്റുകൾ ചാക്കോച്ചന്റെ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.
2012ൽ പുറത്തിറങ്ങിയ ഓർഡിനറി എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുഗീത് ആണ്. ഓർഡിനറിയിൽ ചാക്കോച്ചൻ ചെയ്ത കഥാപാത്രത്തിന്റെ പേരാണ് ഇരവിക്കുട്ടൻ പിള്ള. കെഎസ്ആർടിസി ബസ് കണ്ടക്ടറുടെ വേഷമാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റേത്. നിഷാദ് കെ കോയ, മനു പ്രസാദ് എന്നിവരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്. വീഡിയോയ്ക്കൊപ്പം സുഗീതിനെയും നിഷാദിനെയും ചാക്കോച്ചൻ ടാഗ് ചെയ്തിട്ടുമുണ്ട്.
ഒറ്റ് എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്റേതായി ഒടുവിൽ ഇറങ്ങിയത്. തമിഴിലും മലയാളത്തിലുമായി ഇറങ്ങിയ ചിത്രത്തിൽ അരവിന്ദ് സ്വാമിയും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...