ചൈനയിൽ ആദ്യ മങ്കിപോക്സ് രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ചൈനയിലെ ചോങ്ക്വിങ് പ്രദേശത്താണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വിദേശത്ത് നിന്നെത്തിയ ആൾക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രോഗബാധിതൻ എന്നാണ് ചൈനയിൽ എത്തിയെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചോങ്കിംഗ് ഹെൽത്ത് കമ്മീഷനെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലാണ് രോഗബാധ സ്ഥിരീകരിച്ച വിവരം റിപ്പോർട്ട് ചെയ്തത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഇയാളെ ഐസൊലേറ്റ് ചെയ്തിരുന്നു. ഈ സമയത്ത് രോഗബാധിതന്റെ ശരീരത്തിൽ ചുണങ്ങും മറ്റ് രോഗലക്ഷണങ്ങളും ഉണ്ടാകുകയും, ഇതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയനാക്കുകയുമായിരുന്നു.
Mainland China reports first monkeypox case in Chongqing city
Read @ANI Story | https://t.co/rNDMPAQqSc #China #Monkeypox #Chongqing pic.twitter.com/nZVsZ8D8ry
— ANI Digital (@ani_digital) September 18, 2022
കോവിഡ് രോഗബാധയെ തുടർന്ന് വിദേശത്ത് നിന്ന് എത്തുന്ന ഏവരെയും ചൈനയിൽ ഐസൊലേറ്റ് ചെയ്യാറുണ്ട്. ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് പരിശോധനയ്ക്ക് ശേഷം രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധിതനെ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. രോഗബാധിതന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ രോഗിയുമായി അടുത്ത് സമ്പർക്കം ഉണ്ടായവരെയും ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ALSO READ: Monkey Pox: കുരങ്ങ് പനിയും ചിക്കൻ പോക്സും തമ്മിലുള്ള വ്യത്യാസം എന്താണ്?
മനുഷ്യരിൽ ബാധിക്കുന്ന അപൂർവ വൈറൽ അണുബാധയാണ് മങ്കിപോക്സ്. 1958 ൽ കുരങ്ങുകളിലാണ് ആദ്യമായി ഈ വൈറസ് കണ്ടെത്തിയത്. 1970-ലാണ് ആദ്യമായി മനുഷ്യരിൽ കുരങ്ങുപനി കണ്ടെത്തിയത്. മധ്യ-പടിഞ്ഞാറൻ ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകളിലാണ് കുരങ്ങുപനി കൂടുതലായി കാണപ്പെട്ടിരുന്നത്. രോഗം ബാധിച്ചതോ അല്ലെങ്കിൽ രോഗം ബാധിച്ച് ചത്തതോ ആയ മൃഗവുമായി ആളുകൾ അടുത്തിടപഴകുമ്പോൾ, വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. മൃഗങ്ങളുടെ മാംസവുമായോ രക്തവുമായോ ഉള്ള സമ്പർക്കവും വൈറസ് ബാധയ്ക്ക് കാരണമാകാം. വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ മാംസം കഴിക്കുന്നതിന് മുൻപ് ശരിയായ രീതിയിൽ പാകം ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന നിർദേശം നൽകിയിട്ടുണ്ട്. രോഗബാധിതനായ ഒരു വ്യക്തിയുമായി അടുത്തിടപഴകിയാൽ വൈറസ് ബാധയുണ്ടാകാം. രോഗബാധിതനായ വ്യക്തി ഉപയോഗിച്ച വസ്ത്രങ്ങൾ, പുതപ്പുകൾ, തൂവാലകൾ, ഭക്ഷണ പാത്രങ്ങൾ തുടങ്ങിയ വസ്തുക്കളിലൂടെ വൈറസ് ബാധയുണ്ടാകാം.
പനി, പേശിവേദന, ശക്തമായ തലവേദന, ലിംഫ് നോഡുകൾ വലുതാകുക, ചർമ്മത്തിലെ ചുണങ്ങ് അല്ലെങ്കിൽ മുറിവുകൾ, ക്ഷീണം, പുറം വേദന എന്നിവയെല്ലാം കുരങ്ങുപനിയുടെ ലക്ഷണങ്ങളാണ്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് ഒന്ന് മുതൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഉയർന്ന മുഴകളുള്ള ചുണങ്ങ് പ്രത്യക്ഷപ്പെടുന്നു. പിന്നീട് ചുണങ്ങ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ചുണങ്ങുകളിൽ കുമിളകൾ രൂപം കൊള്ളുന്നു, പിന്നീട് അതിൽ പഴുപ്പ് നിറയും. ഏതാനും ദിവസങ്ങൾക്ക് ശേഷം കുമിളകൾ പൊട്ടിപ്പോകും.
വസൂരി ചികിത്സിക്കാൻ ഉദ്ദേശിച്ചുള്ള ഒരു ആന്റിവൈറൽ മരുന്ന് ഉപയോഗിച്ചാണ് കുരങ്ങ് പനി ചികിത്സയ്ക്ക് അംഗീകാരം നൽകിയിട്ടുള്ളത്. രണ്ട് രോഗങ്ങളും ഒരേ രീതിയിൽ ഉള്ളതായതിനാൽ വസൂരിക്കുള്ള വാക്സിനുകൾ കുരങ്ങ് പനിക്ക് എതിരെ സംരക്ഷണം നൽകിയേക്കാം. വസൂരി വാക്സിനേഷൻ സ്വീകരിക്കുന്ന ആളുകൾക്ക് കുരങ്ങ് പനിക്കെതിരെ സംരക്ഷണം ലഭിച്ചേക്കുമെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച പഠനങ്ങൾ നടന്നതായോ വ്യക്തമായ സ്ഥിരീകരണങ്ങൾ ലഭിച്ചതായോ റിപ്പോർട്ടുകളില്ല. 1980-ൽ വസൂരിക്കെതിരായ വാക്സിനേഷൻ അവസാനിച്ചതിനുശേഷം 40-50 വയസ്സിന് താഴെയുള്ള ആളുകൾ വസൂരിക്കെതിരെ കുത്തിവയ്പ്പ് നടത്തിയിരിക്കാൻ സാധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...