AKG Centre attack: എകെജി സെന്‍റര്‍ ആക്രമണം; യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ പോലീസ് കസ്റ്റഡിയില്‍

AKG Centre attack: കഴിഞ്ഞ ജൂൺ മുപ്പതിന് അർധരാത്രിയിലാണ് എകെജി സെന്‍ററിന് നേരെ ആക്രമണമുണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Sep 22, 2022, 01:05 PM IST
  • യൂത്ത് കോൺ​ഗ്രസ് പ്രവർത്തകനായ മൺവിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്
  • ജിതിനാണ് എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍
  • കഴിഞ്ഞ ജൂൺ മുപ്പതിന് അർധരാത്രിയിലാണ് എകെജി സെന്‍ററിന് നേരെ ആക്രമണമുണ്ടായത്
AKG Centre attack: എകെജി സെന്‍റര്‍ ആക്രമണം; യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: എകെജി സെന്‍ററിന് നേരെ ആക്രമണം നടത്തിയ കേസിലെ പ്രതി പിടിയില്‍. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകനായ മൺവിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. കഴിഞ്ഞ ജൂൺ മുപ്പതിന് അർധരാത്രിയിലാണ് എകെജി സെന്‍ററിന് നേരെ ആക്രമണമുണ്ടായത്. എകെജി സെന്‍റര്‍ ആക്രമണം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തത് പോലീസിന് തലവേദനയായിരുന്നു. ആദ്യം ബോംബ് സ്ഫോടനമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്. പിന്നീട് പരിശോധനകളിൽ പടക്കമാണ് എറിഞ്ഞതെന്ന് സ്ഥിരീകരിച്ചു. അന്വേഷണത്തിന്റെ ഭാ​ഗമായി നൂറുകണക്കിന് ഫോൺകോളുകൾ പരിശോധിച്ചു. ഇതിനിടെ പ്രതിയെന്ന് സംശയിക്കുന്നവരുടെ സിപിഎം ബന്ധമാണ് അന്വേഷണം മുന്നോട്ട് പോകാതിരിക്കാൻ കാരണമെന്ന് ആരോപണങ്ങൾ ഉയർന്നു.

എകെജി സെന്‍റര്‍ ആക്രമിച്ച് 23 ദിവസം കഴിഞ്ഞിട്ടും പൊലീസ് അന്വേഷണത്തിൽ പ്രതികളെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. ജൂലൈ 23ന് ആണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കിയത്. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഉടനടി കിട്ടിയെങ്കിലും പ്രതിയിലേക്ക് എത്താൻ പോലീസിന് കഴിഞ്ഞില്ല. അൻപതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. എകെജി സെന്‍റര്‍ ആക്രമണത്തിന് ഉപയോഗിച്ചത് ഉഗ്രസ്ഫോടന ശേഷിയില്ലാത്ത വസ്തുക്കളാണെന്ന് ഫോറൻസിക് വിഭാ​ഗം വ്യക്തമാക്കിയിരുന്നു. ക്രൈം ബ്രാഞ്ച് മേധാവിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തിയത്.

ALSO READ: AKG Centre attack: എകെജി സെന്റർ ആക്രമണക്കേസ്; അന്വേഷണം യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചെന്ന് ക്രൈംബ്രാഞ്ച്

എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയ കേസിന്റെ അന്വേഷണം യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചാണെന്ന് ക്രൈംബ്രാഞ്ച് മുൻപ് വ്യക്തമാക്കിയിരുന്നു. വിവിധ മേഖലകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ കഴക്കൂട്ടം - മേനംകുളം കേന്ദ്രീകരിച്ചുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന നിഗമനത്തിൽ ക്രൈം ബ്രാഞ്ച് എത്തി. സംശയിക്കുന്ന ചിലരുടെ മൊഴികളിൽ ദുരുഹതയുണ്ടെന്നാണ് അന്വേഷണ സംഘം വിശദീകരിച്ചിരുന്നു. പ്രതികളെ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഇനിയും തെളിവുകൾ ശേഖരിക്കാനുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. എകെജി സെന്‍റർ ആക്രമണത്തെ തുടര്‍ന്ന് പോലീസ് നഗരത്തിൽ സുരക്ഷ വർധിപ്പിച്ചിരുന്നു.

സംഭവത്തെ തുടർന്ന് തിരുവനന്തപുരത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വസതികൾക്ക് മുന്നിൽ പോലീസ് സുരക്ഷ ശക്തമാക്കി.  നിയമസഭാ–സെക്രട്ടേറിയറ്റ് മന്ദിരങ്ങളിലും കെപിസിസി ഓഫീസ് ഉൾപ്പെടെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്ക് മുന്നിലും കനത്ത സുരക്ഷ ഏർപ്പെടുത്തി. നഗര പാതകളിൽ എല്ലായിടത്തും പരിശോധനയും ഊർജ്ജിതമാക്കിയിരുന്നു. എല്ലാ വാഹനങ്ങളും പൂർണമായി പരിശോധിച്ച ശേഷമാണ് വിട്ടയച്ചിരുന്നത്. 

ALSO READ: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതിയെവിടെ? ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടും രക്ഷയില്ല;നാണംകെട്ട് പോലീസ്

എകെജി സെന്ററിന് നേരെ ആക്രമണം നടന്ന സാഹചര്യത്തിൽ കണ്ണൂരിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റേയും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെയും വീടുകള്‍ക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കണ്ണൂര്‍ ഡിസിസി ഓഫീസ്, സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിലും സുരക്ഷ വർധിപ്പിച്ചിരുന്നു.

സ്കൂട്ടറിൽ ഒരാൾ വന്ന് പടക്കമെറിയുന്ന എകെജി സെന്‍ററിലെ സിസിടിവി ദൃശ്യമായിരുന്നു പോലീസിന് ലഭിച്ച നിർണായക തെളിവ്. സംഭവം നടന്ന് മിനിട്ടുകള്‍ക്കുള്ളില്‍ പുറത്തുവന്ന ഈ സിസിടിവി ദൃശ്യത്തിനപ്പുറം മാസങ്ങൾ പിന്നിട്ടിട്ടും പോലീസിന് കേസിൽ ഒരു തുമ്പും ലഭിച്ചിരുന്നില്ല. നൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി. പ്രതി സഞ്ചരിച്ചെന്ന് സംശയിക്കുന്ന മോഡൽ ഡിയോ സ്കൂട്ടർ ഉടമകളെ മുഴുവൻ ചോദ്യം ചെയ്തു.  പടക്കക്കച്ചടവക്കാരെ വരെ ചോദ്യം ചെയ്തു. മാസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാകാത്തത് നിരവധി ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും വഴിവച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News