ചണ്ഡീഗഡ് സർവകലാശാലയിലെ വനിതാ ഹോസ്റ്റലിലെ സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. സംഭവത്തിൽ കഴിഞ്ഞ ദിവസം തന്നെ ഒന്നാം വർഷ എംബിഎ വിദ്യാർഥിനിയെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ഷിംല സ്വദേശികളായ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തതായി മൊഹാലി പോലീസ് അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥർ പറയുന്ന വിവരങ്ങൾ അനുസരിച്ച് അറസ്റ്റിലായ പെൺകുട്ടിയുടെ ആൺസുഹൃത്താണ് അറസ്റ്റിലായതിൽ ഒരാൾ. ഷിംല പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസിന് കൈമാറിയത്. കൂടാതെ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
സംഭവത്തെ തുടർന്ന് ചണ്ഡീഗഡ് സർവകലാശാലയ്ക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ചണ്ഡിഗഡ് സര്‍വകലാശാലയില്‍ വൻ പ്രതിഷേധമാണ് ഉണ്ടായത്. ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികളിലൊരാൾ സഹപാഠികളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധം കടുത്ത സാഹചര്യത്തിലായിരുന്നു പെൺകുട്ടിയെ അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ നിരവധി പെൺകുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
എന്നാൽ വിദ്യാർഥികൾ ആരും തന്നെ ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്നും വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മൊഹാലി പെോലീസ് മേധാവി വിവേക് സോനി പ്രതികരിചിരുന്നു. വിദ്യാർഥിനികൾ ക്യാംപസിൽ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യക്ക് ശ്രമിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ വ്യാപകമായി പ്രചരിച്ചത്. പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സര്‍വകലാശാല അധികൃതർ വ്യക്തമാക്കി. കുറ്റക്കാരായവരെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും വിദ്യാർഥികൾ സംയമനം പാലിക്കണമെന്നും പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹർജോത് സിങ് ബെയിൻസ് വിദ്യാർഥികളോട് അഭ്യർഥിചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...