തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. നേരത്തെ ഒമ്പത് ജില്ലകളിലായിരുന്നു അലർട്ട് പ്രഖ്യാപിച്ചിരുന്നത്. നാളത്തെ (ഒക്ടോബർ 23) മഴ മുന്നറിയിപ്പിലും മാറ്റമുണ്ട്. ഏഴ് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് പിൻവലിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ഒക്ടോബർ 25 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഐഎംഡിയുടെ അറിയിപ്പ് പ്രകാരം ആൻഡമാനിൽ നിലനിൽക്കുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായാണ് മഴ തുടരുന്നതെന്നും അടുത്ത മണിക്കൂറുകളിൽ ഇത് തീവ്രന്യൂനമർദ്ദമാകുമെന്നും തിങ്കളാഴ്ചയോടെ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഇത് സിത്രംഗ് ചുഴലിക്കാറ്റായി മാറും എന്നുമാണ് റിപ്പോർട്ട്. അതിനാൽ വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യതയെന്നും റിപ്പോർട്ടുണ്ട്.
Also Read: നീലക്കുറിഞ്ഞി കാണാൻ കൈവിട്ടകളി; അപകടകരമായ വഴികളിലൂടെ സഞ്ചാരികളെത്തുന്നു
മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്ന സാഹചര്യത്തിൽ ലക്ഷദ്വീപ് തീരത്ത് ഒക്ടോബർ 23 വരെ മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ കർണാടക തീരത്ത് മത്സ്യബന്ധനത്തിനു തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് തീരത്ത് ഒക്ടോബർ 23 വരെ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...