അനിഖ സുരേന്ദ്രൻ, മെൽവിൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി ആൽഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്ത ഓ മൈ ഡാർലിംഗ് മികച്ച അഭിപ്രായവുമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആഷ് ട്രീ വെഞ്ജ്വെഴ്സിൻ്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രത്തിൻ്റെ നിർമ്മാണം. കേവലമൊരു ടീനേജ് ലൗ സ്റ്റോറി മാത്രം ആക്കാതെ ഗൗരവപൂർണമായ ഒരു വിഷയം കൂടി ചിത്രം ചർച്ച ചെയ്യുന്നുണ്ട് എന്നത് ഈ സിനിമയെ വ്യത്യസ്തമാക്കുന്നു. ഇപ്പോഴിതാ ഓൺലൈൻ നിരൂപകരെ കുറിച്ച് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മുകേഷ് പറഞ്ഞ വാക്കുകൾ വൈറലായിരിക്കുകയാണ്. ജിസിസി റിലീസിനോട് അനുബന്ധിച്ച് ദുബായിൽ വെച്ച് നടന്ന പ്രസ് കോൺഫെറൻസിലാണ് താരം ഓൺലൈൻ റിവ്യൂവേഴ്‌സിനെ നിശിതമായി വിമർശിച്ചത്.
"സോഷ്യൽ മീഡിയ റിവ്യൂകളെ കുറിച്ച് വളരെ മോശപ്പെട്ട അഭിപ്രായമാണ് എനിക്ക്. അതിനെ കുറിച്ചെല്ലാം നിരവധി ചർച്ചകൾ ഇതിനകം നടന്നു കഴിഞ്ഞു. ഇതൊക്കെ ഒരാളുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമല്ലേ? പത്ര സ്വാതന്ത്ര്യമല്ലേ? എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ അതിൽ ഒരു ശരി ഉണ്ടെന്ന് നമുക്ക് തോന്നും. പക്ഷേ അതിൽ ഒരു ശരിയുമില്ല. അത് ദുരുപയോഗം ചെയ്യുകയാണെന്ന് ഒരു സംശയവും ഇല്ലാതെ തന്നെ പറയാം. ഒരു സിനിമ ഉണ്ടാക്കുവാൻ സംവിധായകനും നിർമ്മാതാവും അഭിനേതാക്കളും ചെയ്യുന്ന പ്രയത്നങ്ങൾ വലുതാണ്. എന്നാൽ ഫസ്റ്റ് ഷോ കഴിയുമ്പോൾ തന്നെ ചിത്രവുമായി ഒരു ബന്ധവുമില്ലാത്ത ഒരാൾ വന്ന് അത് കൊള്ളില്ല, ഇത് കാണരുത് എന്നൊക്കെ ചുമ്മാ പച്ചക്ക് പറയുകയാണ്. ഇതൊക്കെ പറയാൻ എന്ത് ആവിഷ്‌കാര സ്വാതന്ത്ര്യമാണ് ഇയാൾക്കുള്ളത്? ബാക്കിയുള്ളവർ ഒക്കെ മണ്ടന്മാരാണോ?"
"സോഷ്യൽ മീഡിയ ഒന്നും ഇല്ലാത്ത കാലത്ത് വിദേശത്ത് ഷോകൾ നടത്തുമ്പോൾ അവിടെ ചെറിയ രീതിയിൽ പത്രവും റേഡിയോ ഒക്കെ നടത്തുന്നവർ പരിപാടിയെ കുറിച്ച് നല്ലതെഴുതുവാൻ സ്പോൺസേഴ്‌സിന്റെ കൈയ്യിൽ നിന്നും പണം ആവശ്യപ്പെടുമായിരുന്നു. പാവം സ്പോൺസേഴ്‌സ് പേടിച്ച് പണം നൽകുകയും ചെയ്യും. കൊടുക്കരുതെന്ന് നമ്മൾ പറഞ്ഞാലും വേണ്ട കൊണ്ട് പൊയ്‌ക്കോട്ടെ എന്ന് പറയുന്ന വർഷങ്ങൾക്ക് മുൻപുള്ള ഒരു സമ്പ്രദായമാണ് ഇപ്പോൾ ടെക്‌നോളജിയുടെ വളർച്ചയുടെ വേറെ രീതിയിൽ എത്തിയിരിക്കുന്നത്. ഇവർക്ക് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കുറവല്ല.. കാശ് കിട്ടാത്തതിന്റെ 'കുഴപ്പ'മാണ്. ഫസ്റ്റ് ഷോ കണ്ടിട്ടാണോ എന്നറിയില്ല, ഓ മൈ ഡാർലിംഗിൽ പ്രായമുള്ള ഒരാൾ കൊച്ചു പെൺകുട്ടിയുമായി ഉള്ള പ്രണയമാണ് എന്നൊക്കെ ചുമ്മാ പറയുകയാണ്. മെൽവിൻ ഒക്കെയാണ് പ്രായമുള്ള ഒരാൾ എന്ന് പറയുന്നത്. നമ്മുടെ ഇന്നത്തെ നായകന്മാർക്ക് ഒക്കെ ഒന്നോ രണ്ടോ വയസ്സ് കുറവുള്ള നായികമാരല്ല വരുന്നത് എന്ന കാര്യം വിഴുങ്ങിയിട്ട്, കഥയെ കുറിച്ചോ സിനിമയെ കുറിച്ചോ പറയുന്നില്ല. എന്ത് കുറ്റം കണ്ടുപിടിക്കണം എന്ന് വിചാരിച്ചാണ് ചെറിയ ചെറിയ കുറ്റങ്ങൾ തേടിപോകുന്നത്."
"മുകേഷും ലെനയും തമ്മിലുള്ള രംഗങ്ങളിൽ ചിരിക്കാനുള്ളത് പറയുമ്പോൾ വിഷമം വരുന്നു, കരയാനുള്ളത് പറയുമ്പോൾ ചിരി വരുന്നു എന്നൊക്കെയാണ് ഒരുത്തൻ പറയുന്നത്. ഞാൻ സിനിമയിൽ വരുമ്പോൾ ഇവന്റെ ഒക്കെ ഫാദർ ജനിച്ചിട്ട് പോലുമില്ല. ഒരു സീനെടുത്ത് കഴിഞ്ഞാൽ ഇങ്ങനെ ഉള്ള കാര്യങ്ങൾ കുഴപ്പമാണെന്ന് പറയുവാൻ ഉള്ള അവകാശവും സീനിയോരിറ്റിയും എനിക്കുണ്ട്. ഇതിപ്പോൾ കൊച്ചുകുട്ടികൾ വരെ വന്ന് ചുമ്മാ പരിഹസിക്കുകയാണ്. ഇവർക്കൊക്കെ എന്തോ കിട്ടാനുള്ളത് കിട്ടിയിട്ടില്ല എന്നാണ് തോന്നുന്നത്. കുറ്റം പറയുമ്പോൾ നല്ല കാര്യങ്ങൾ കൂടി പറയണം. എന്നാലേ വിശ്വസിക്കുവാൻ പറ്റൂ. ഷോലെ ഒക്കെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. എന്താണ് ഈ അമിതാഭ് ബച്ചനും ധർമേന്ദ്രയും ഒക്കെ എന്താണ് ഈ കാണിക്കുന്നത്? ഇവരുടെ മുഖത്ത് എന്താണ് വരുന്നത്? എന്നൊക്കെ അന്ന് ഇവർ ചോദിച്ചേനെ. അമിതാഭ് ബച്ചനൊക്കെ രക്ഷപ്പെട്ടത് മഹാഭാഗ്യം."
കഥ തുടരുന്നു, ഭാസ്കർ ദി റാസ്കൽ, ദി ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങളിലൂടെ ബാലതാരമായി പ്രേക്ഷകർക് സുപരിചിത ആയി മാറിയ അനിഖ സുരേന്ദ്രനും, ജോ &ജോ, ഇൻസ്റ്റാഗ്രാമിലെ ft guys പേജിലൂടെ പ്രസിദ്ധമായ മെൽവിൻ ജി ബാബുവും പ്രധാന വേഷത്തിൽ എത്തിയ ചിത്രം റൊമാൻ്റിക് കോമഡി എന്റെർറ്റൈനറാണ്. മുകേഷ്, ജോണി ആന്റണി, മഞ്ജു പിള്ള, ലെന തുടങ്ങിയവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു പക്കാ ലൗ സ്റ്റോറി തന്നെയാണ് ഈ ചിത്രത്തിന്റെ ആദ്യ പകുതി. രണ്ടാം പകുതി എത്തുന്നതോടെയാണ് ചിത്രം അൺപ്രഡിക്ടബിൾ ആകുന്നതും അതി സങ്കീർണമായ ഒരു മാനസിക വൈകല്യത്തെ റൊമാന്റിക് കോമഡി എലമെന്റ്സിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നതും. ജിനീഷ് കെ ജോയ് ഒരുക്കിയ തിരക്കഥ ഇന്നത്തെ കാലത്തിനൊപ്പം കൃത്യമായി ചേർന്ന് പോകുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...