മുംബൈ : കേരള ബ്ലാസ്റ്റേഴ്സിന്റെ അപരാജിത കുതിപ്പിന് തടയിട്ട് മുംബൈ സിറ്റി എഫ് സി. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് മുംബൈ സിറ്റി ബ്ലാസ്റ്റേഴ്സിനെ തകർത്തത്. നാല് ഗോളും പിറന്നത് മത്സരത്തിന്റെ ആദ്യ 20 മിനിറ്റിനുള്ളിലാണ്. മുംബൈക്കായി ബ്ലാസ്റ്റേഴ്സ് മുൻ താരം പെരേര ഡയസ് രണ്ട് ഗോളുകൾ സ്വന്തമാക്കി. സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നാലാമത്തെ തോൽവിയാണിത്.
ഡെസ് ബക്കിങ്ഹാമിന്റെ മുന്നേറ്റ നിര മത്സരം തുടങ്ങിയപ്പോൾ തന്നെ ബ്ലാസ്റ്റേഴ്സിന്റെ ബോക്സിലേക്ക് കുതിച്ച് കയറുകയായിരുന്നു. താരങ്ങൾ മൈതനത്ത് സെറ്റായി വരുമ്പോഴേക്കും ആതിഥേയർ അക്ഷരാർഥത്തിൽ ഗോൾ അടി തുടങ്ങുകയല്ലായിരുന്നു, അവസാനിപ്പിക്കുകയായിരുന്നു എന്ന് തന്നെ പറയേണ്ടി വരും. ഡയസിന് പുറമെ ഗ്രെഗ് സ്റ്റുവേർട്ട്, ബിപിൻ സിങ് എന്നിവരാണ് ഗോളുകൾ നേടിയത്.
ALSO READ : മെസിയുടെ ശബ്ദവും അനുകരിച്ച് മഹേഷ്; അതും സ്പാനിഷിൽ; ചരിത്രമെന്ന് ആരാധകർ
നാല് മഞ്ഞക്കാർഡ് കണ്ട് സസ്പെൻഷനിലായ സന്ദീപ് സിങ്ങിന്റെയും പരിക്കേറ്റ പ്രതിരോധ താരം മാർക്കോ ലെസ്കോവിച്ചിന്റെ അഭാവം കൊമ്പന്മാരുടെ നിരയെ സാരമായി ബാധിച്ചിരുന്നു. വിങ്ങിലൂടെയുള്ള മുംബൈയുടെ ആക്രമണത്തെ തടയാൻ ഹർമൻജോട്ട് ഖബ്രയും ക്യാപ്റ്റൻ ജെസെൽ കാർണീറോയും കഷ്ടപ്പെടുകയായിരുന്നു. മുംബൈയുടെ എല്ലാ ഗോൾ നേട്ടങ്ങളുടെ ഉടലെടുത്തത് വിങ്ങിൽ നിന്നുള്ള ആക്രമണത്തിലൂടെയായിരുന്നു.
മറുപടി ഗോളിനായി ബ്ലാസ്റ്റേഴ്സ് ബാക്കിയുള്ള 80 മിനിറ്റ് കിടിഞ്ഞ് പരിശ്രമിച്ചെങ്കിലും ഗോൾ മാത്രം ഉണ്ടായില്ല. മത്സരത്തിൽ ഉടനീളം ഒരു ഷോട്ട് മാത്രമാണ് ഓൺ ടാർഗറ്റിലേക്ക് പായിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങളെ മൈതാനത്തിന്റെ മധ്യത്തിൽ വെച്ച് തന്നെ മുംബൈ താരങ്ങൾ തടയുകയായിരുന്നു.
ജയത്തോടെ മുംബൈ 33 പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. നിലവിൽ മൂന്നാം സ്ഥാനത്ത് തന്നെ ബ്ലാസ്റ്റേഴ്സ് തുടരുകയാണ്. ഇനി ജുനവരി 22ന് ഗോവയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...