ജയിലറിലെ മോഹൻലാലിന്റെ കഥാപാത്രം ലോകം മുഴുവൻ വൈറലായിക്കൊണ്ടിരിക്കുകയാണ്. മാത്യൂ എന്ന കഥാപാത്രത്തിന്റെ സ്റ്റൈലിഷ് ലുക്ക് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. കഴിഞ്ഞ മോഹൻലാൽ തന്നെ ആ ലുക്ക് വീണ്ടും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ അത് തരംഗമായി മാറുന്നതാണ് നമ്മൾ കണ്ടത്. കുറെ നാളുകൾക്ക് ശേഷം തങ്ങളുടെ ലാലേട്ടനെ അവർ കാണാൻ ആഗ്രഹിച്ച രീതിയിൽ കാണാനായതിന്റെ സന്തോഷത്തിലാണ് ജയിലർ കണ്ട ഓരോ മലയാളി പ്രേക്ഷകനും. മലയാളത്തിൽ എന്ത് കൊണ്ട് അതിന് സാധിക്കുന്നില്ല എന്ന ചോദ്യവും പ്രേക്ഷകർക്കിടയിൽ ഉയരുന്നുണ്ട്. വെറും 5, 10 മിനിറ്റ് കൊണ്ട് സിനിമയെ മോഹൻലാൽ മൊത്തത്തിൽ തൂക്കിയെന്ന് തന്നെയാണ് ആരാധകരുടെ പ്രതികരണം.
ഇനി ആരാധകരുടെ പ്രതീക്ഷ വാലിബനിലാണ്. അതെ, ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഒരു മാസ് അപ്പിയറൻസിൽ മോഹൻലാലിനെ വീണ്ടും കാണാൻ ഇതിലൂടെ പ്രേക്ഷകർക്ക് സാധിച്ചേക്കും എന്ന് തന്നെയാണ് പ്രതീക്ഷ. പുറത്തുവന്ന വാലിബന്റെ ലുക്കുകളെല്ലാം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോൾ പുതിയൊരു ലൊക്കേഷൻ സ്റ്റിൽ കൂടി പുറത്തുവന്നിരിക്കുകയാണ്. പതിവ് പോലെ ഈ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറൽ തന്നെ. മലയാള സിനിമ പ്രേക്ഷകർക്ക് വാലിബൻ ഒരു പുതിയ അനുഭവം തന്നെ ആയിരിക്കും എന്നാണ് പ്രേക്ഷക പ്രതീക്ഷ.
Also Read: Mohanlal: ഇത് മാസ് കാ ബാപ്പ്; വീണ്ടും മാത്യുവായി പ്രത്യക്ഷപ്പെട്ട് മോഹന്‍ലാല്‍; ചിത്രം വൈറല്‍
വളരെ വ്യത്യസ്തമായ സിനിമയാകും വാലിബൻ എന്ന് മോഹൻലാൽ തന്നെ പറഞ്ഞിട്ടുള്ളതാണ്. മലൈക്കോട്ടൈ വാലിബനിലെ ലാലേട്ടന്റെ ഇൻട്രോ സീനിൽ തിയേറ്റർ കുലുങ്ങുമെന്ന് സംവിധായകൻ ടിനു പാപ്പച്ചൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ആറ് മാസത്തോളം സമയമെടുത്താണ് സിനിമയുടെ മുഴുവൻ ചിത്രീകരണവും പൂർത്തിയായത്. ഭൂരിഭാഗവും രാജസ്ഥാനിൽ ചിത്രീകരിച്ച സിനിമയുടെ ഏതാനും ഭാഗങ്ങളുടെ ചിത്രീകരണം ചെന്നൈയിൽ വെച്ചാണ് നടത്തിയത്.
മോഹൻലാലിന് പുറമെ ഹരീഷ് പേരടിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. കൂടാതെ ഇന്ത്യൻ സിനിമയിലെ പല പ്രഗത്ഭ താരങ്ങളും അഭിനയിക്കുന്നുണ്ട്. ചിത്രത്തെ ചുറ്റിപ്പറ്റി നിരവധി അഭ്യൂഹങ്ങളാണ് നിലനിൽക്കുന്നത്. കാന്താര നായകൻ റിഷഭ് ഷെട്ടി ലിജോ ജോസ് ചിത്രത്തിൽ എത്തുമെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.
‘മലൈക്കോട്ടൈ വാലിബന്’ നിര്‍മ്മിക്കുന്നത് ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ജോൺ ആന്റ് മേരി ക്രിയേറ്റീവ് ആണ്. കമ്പനി ആദ്യമായി നിർമിക്കുന്ന ചിത്രമാണിത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിന് ശേഷം പി.എസ്. റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...