ഛണ്ഡീഗഡ്: വ്യോമസേനയുടെ മിഗ് 29 ജെറ്റ് വിമാനം തകർന്നു വീണു. പഞ്ചാബിലെ ഹോഷിയാർപുർ ജില്ലയ്ക്ക് സമീപമാണ് മിഗ് 29 യുദ്ധവിമാനം തകർന്നുവീണത്.
ഇതിലെ പൈലറ്റ് സാഹസികമായി രക്ഷപ്പെട്ടു. പരിശീലന പറക്കലിനിടെ ചുഹാന്‍പുരിലെ കൃഷിയിടത്തിലേക്ക് ജെറ്റ് വിമാനം തകര്‍ന്നുവീഴുകയായിരുന്നു.
ജലന്ധര്‍ എയര്‍ ബേസില്‍ നിന്നും രാവിലെ 10:30 ന് പരിശീലനത്തിനായി പറന്നുയര്‍ന്ന മിഗ് വിമാനമാണ് തകര്‍ന്നത്.
വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെ പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് ചാടിയ പൈലറ്റിനെ വ്യോമസേനാ ഹെലികോപ്ടറിലെത്തി രക്ഷപ്പെടുത്തിയെന്നാണ് വിവരം.
വിമാനം വീണത് ജനവാസ മേഖലയില്‍ അല്ലാത്തതിനാല്‍ മറ്റ് അപായങ്ങളില്ലെന്നും സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തുമെന്നും വ്യോമസേന അധികൃതര്‍ അറിയിച്ചു.
കൂടാതെ വിമാനത്തിന് സാങ്കേതിക പ്രശ്നമുണ്ടായിയെന്നും അതിനാൽ വിമാനം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്നും അതുകൊണ്ട് പൈലറ്റ് സുരക്ഷിതമായി സ്വയം ഇജക്റ്റ് ചെയ്തുവെന്നും വ്യോമസേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.