രൺബീർ കപൂറും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ബ്രഹ്മാസ്ത്രയുടെ ഒടിടി സ്ട്രീമിങ് ആരംഭിച്ചു. ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സ്ട്രീം ചെയ്യാൻ ആരംഭിച്ചിരിക്കുന്നത്. ഇന്ന്, ഒക്ടോബർ 4 മുതലാണ് ഒടിടി പ്ലാറ്റ്‌ഫോമിൽ ചിത്രത്തിൻറെ സ്ട്രീമിങ് ആരംഭിച്ചത്. സെപ്റ്റംബർ ഒമ്പതിന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് ബ്രഹ്മാസ്ത്ര. തീയേറ്ററുകളിൽ വൻ വിജയം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. ചിത്രത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് അതിന്റെ ഗ്രാഫിക്സ് ആയിരുന്നു. എന്നാൽ ചിത്രത്തിന് കാര്യമായ നിരൂപക പ്രശംസ നേടാൻ കഴിഞ്ഞിരുന്നില്ല എന്നാണ് റിപ്പോർട്ട്.
ബോളിവുഡിനെ ഈ വർഷത്തെ തകർച്ചകളിൽ നിന്ന് പിടിച്ചുയർത്തിയ ചിത്രങ്ങളിലൊന്നാണ് ബ്രഹ്മാസ്ത്ര. അക്ഷയ് കുമാർ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളുടെ സിനിമകൾ ബോക്സ് ഓഫീസിൽ തോൽവി ഏറ്റുവാങ്ങിയപ്പോൾ വിജയത്തോടെ പിടിച്ച് നിൽക്കാൻ ബ്രഹ്മാസ്ത്രയ്ക്ക് സാധിച്ചു. 425 കോടി രൂപയാണ് ഇറങ്ങി 25 ദിവസത്തിനുള്ളിൽ ബ്രഹ്മാസ്ത്ര നേടിയത്. 400 കോടി രൂപ ബജറ്റിൽ എത്തിയ ചിത്രമാണ് ബ്രഹ്മസ്ത്ര. ഇതിൽ വിഎഫ്എക്സിന് മാത്രം 60 കോടിയാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ ചിലവാക്കിയത്.
ALSO READ: Brahmastra movie: റൺബീറിന്റെ ബ്രഹ്മാസ്ത്ര ഒടിടിയിലേക്ക്; എവിടെ എപ്പോൾ കാണാം?
ബ്രഹ്മസ്ത്ര പാർട്ട് 1 ശിവ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ ശിവയുടെ കഥയാണ് അസ്ത്രാവേഴ്സിലെ ആദ്യ ചിത്രമായ ബ്രഹ്മാസ്ത്രയിൽ അവതരിപ്പിച്ചിരിക്കുന്നത്.ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബോളിവുഡിലെ ഏറ്റവും ചിലവേറിയ ചിത്രമായ ബ്രഹ്മാസ്ത്ര തീയറ്ററുകളിലെത്തിയത്. ചിത്രത്തിന്‍റെ സംവിധായകനായ അയാൻ മുഖർജി റിലീസിന് മുൻപ് പുറത്തിറങ്ങിയ പ്രോമോ വീഡിയോകളിൽ പറഞ്ഞിട്ടുള്ള ബ്രഹ്മാസ്ത്രയുടെ ചരിത്രമാണ് ചിത്രത്തിന്‍റെ തുടക്കം തന്നെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. ആലിയ ഭട്ടാണ് ഇഷ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
അയാൻ മുഖർജിയുടെ മുൻ ചിത്രങ്ങൾക്ക് സമാനമായി നായികയുടെ കഥാപാത്രത്തിനും പ്രണയത്തിനും ബ്രഹ്മാസ്ത്രയിലും വളരെയധികം പ്രാധാന്യം ഉണ്ട്. കേസരിയ എന്ന സൂപ്പർഹിറ്റ് പാട്ടും ചിത്രം കാണുന്ന പ്രേകഷകരെ ആകർഷിച്ച ഒരു പ്രധാന ഘടകമായി മാറി. ഹിന്ദി ഉൾപ്പടെ ആകെ 5 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. അമിതാഭ് ബച്ചൻ, നാഗാര്‍ജുന, ഷാരൂഖ് ഖാൻ, മൗനി റോയ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
സ്റ്റാർ സ്റ്റുഡിയോസ്, ധർമ്മ പ്രൊഡക്ഷൻസ്, സ്റ്റാർലൈറ്റ് പിക്ചേഴ്സ്, പ്രൈം ഫോക്കസ് എന്നീ ബാനറുകളിൽ കരൺ ജോഹർ, അപൂർവ മേത്ത, നമിത് മൽഹോത്ര, അയൻ മുഖർജി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. അയാൻ മുഖർജിയുടെ ആദ്യ നിർമ്മാണ സംരംഭം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...