ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) പ്ലേഓഫിൽ റഫറിങ് തീരുമാനത്തിനിടെ പ്രതിഷേധിച്ച് കളം വിട്ട കേരള ബ്ലാസ്റ്റേഴ്സിനെയും കോച്ച് ഇവാൻ വുകോമാനോവിച്ചിനെതിരെയും ശിക്ഷ നടപടികളുമായി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്). കേരള ബ്ലാസ്റ്റേഴ്സിന് നാല് കോടി രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്. ഇവാൻ വുകോമാനോവിച്ചിനെ പത്ത് മത്സരങ്ങളിൽ നിന്നും എഐഎഫ്എഫ് വിലക്കേർപ്പെടുത്തി. ഒപ്പം അഞ്ച് ലക്ഷം രൂപ പിഴയും ഇവാൻ നൽകണം. മാർച്ച് മൂന്നിന് ബെംഗളൂരു എഫ്സിക്കെതിരെ നടന്ന ഐഎസ്എൽ 2022-23 സീസണിലെ ആദ്യ പ്ലേഓഫ് മത്സരത്തിനിടെയാണ് റഫറിങ് തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് കോച്ചിന്റെ നിർദേശത്തെ തുടർന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങൾ ശ്രീ കണ്ഠീരവ സ്റ്റേഡിയം വിട്ടത്.
പിഴയ്ക്ക് വിലക്കിനും പുറമെ ടീമും കോച്ചും സംഭവത്തിൽ പരസ്യമായി ക്ഷമാപണം അറിയിക്കണമെന്നും എഐഎഫ്എഫ് അറിയിച്ചു. അതിന് തയ്യാറായില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിനേർപ്പെടുത്തിയിരിക്കുന്ന പിഴ ആറ് കോടിയായി വർധിക്കുമെന്ന് ഫുട്ബോൾ ഫെഡറേഷൻ ഔദ്യോഗികമായി പുറത്ത് വിട്ട വാർത്തക്കുറിപ്പിൽ പറയുന്നു. വുകോമാനോവിച്ചും ക്ഷമാപണം നടത്താൻ തയ്യാറായില്ലെങ്കിൽ സെർബിയൻ കോച്ചിന്റെ പിഴ അഞ്ചിൽ നിന്നും പത്ത് ലക്ഷമായി ഉയരും. എഐഎഫ്എഫിന്റെ പത്ത് മത്സരങ്ങളിലേക്കാണ് കേരള ബ്ലാസ്റ്റേഴ്സ് കോച്ചിന് വിലക്കിയിരിക്കുന്നത്. ഈ കാലയളവിൽ വുകോമാനോവിച്ചിന്റെ സാന്നിധ്യം ബ്ലാസ്റ്റേഴ്സിന്റെ ഡ്രെസ്സിങ് റൂമിലോ ബെഞ്ചിലോ ഉണ്ടാകാൻ പാടില്ലയെന്ന് അച്ചടക്ക സമിതി വ്യക്തമാക്കി.
ALSO READ : Kerala Blasters : കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; സൂപ്പർ കപ്പിന് കൊമ്പന്മാരുടെ മജീഷ്യൻ ടീമിൽ ഉണ്ടാകില്ല
വൈഭവ് ഗഗ്ഗാർ അധ്യക്ഷനായ അച്ചടക്ക സമിതിയാണ് ബ്ലാസ്റ്റേഴ്സിനെതിരെ ശിക്ഷ നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക ഫുട്ബോൾ ചരിത്രത്തിൽ തന്നെ മത്സരത്തിനിടെ കളി ഉപേക്ഷിച്ച് പോകുന്നത് അത്യപുർവ്വ സംഭവങ്ങളിൽ ഒന്നാണെന്ന് അച്ചടക്ക സമിതി ചൂണ്ടിക്കാട്ടി. അതേസമയം പിഴ നടപടികൾ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കണമെന്നാണ് എഐഎഫ്എഫ് ബ്ലാസ്റ്റേഴ്സിനോടും വുകോമാനോവിച്ചിനോടും നിർദേശം നൽകിയിരിക്കുന്നത്. അച്ചടക്ക സമിതിയുടെ തീരുമാനത്തിനെതിരെ അപ്പീൽ പോകാൻ ടീമിനും കോച്ചിനും സാധിക്കുമെന്നും അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി.
ഐഎസ്എൽ 2022-23 സീസണിന്റെ ആദ്യ പ്ലേ ഓഫിൽ ബെംഗളൂരു എഫ് സി കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിന്റെ അധിക സമയത്ത് സുനിൽ ഛേത്രി നേടിയ ഫീകിക്ക് ഗോളാണ് വിവാദത്തിലേക്ക് വഴിവെച്ചത്. കേരളത്തിന്റെ ബോക്സിന് തൊട്ടുപ്പുറത്ത് നിന്നും ബിഎഫ്സിക്ക് ലഭിച്ച ഫ്രീകിക്കിനെതിരെ ബ്ലാസ്റ്റേഴ്സിന് പ്രതിരോധം സൃഷ്ടിക്കാൻ സമയം നൽകുന്നതിന് മുമ്പായി ഛേതി ഗോൾ അടിച്ചു. അത് ഗോളാണ് റഫറി വിധിക്കുകയും ചെയ്തതോടെയാണ് വിവാദങ്ങൾക്ക് വഴിവെക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഡഗ്ഗ്ഔട്ട് ഉൾപ്പെടെ പ്രതിഷേധിച്ചെങ്കിലും റഫറി തീരുമാനത്തിൽ ഉറച്ച് നിന്നു. ഇതോടെ കോച്ച് ഇവാൻ വുകോമാനോവിച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങളോട് കളം വിടാൻ ആഹ്വാനം ചെയ്തു. തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് ടീം ഡ്രെസിങ് റൂമിലേക്ക് മടങ്ങുകയും ചെയ്തു. പിന്നാലെ മാച്ച് കമ്മീഷ്ണർ ഉൾപ്പെടെയുള്ളവരെത്തി ബെംഗളൂരു എഫ്സി ജയിച്ചതായി വിധി എഴുതുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...